കോഴിക്കോട്: ജില്ലയിൽ വീണ്ടും നിപ സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ആരോഗ്യവകുപ്പ് ശക്തമാക്കി. രോഗബാധയുമായി ബന്ധപ്പെട്ട് നിലവിൽ 77 പേരുടെ സമ്പർക്കപ്പട്ടികയാണ് തയാറാക്കിയിട്ടുള്ളത്. ഇതിൽ 58 പേർ ആരോഗ്യപ്രവർത്തകരും 14 പേർ രോഗിയുടെ കുടുംബാംഗങ്ങളുമാണ്.
സമ്പർക്കപ്പട്ടികയിലുള്ളവരിൽ രണ്ടുപേർ ഹൈയസ്റ്റ് റിസ്ക് വിഭാഗത്തിലും, 13 പേർ ഹൈ റിസ്ക് വിഭാഗത്തിലും, 63 പേർ ലോ റിസ്ക് വിഭാഗത്തിലുമാണുള്ളത്. ഹൈ റിസ്ക് പട്ടികയിലുള്ള 11 പേരോട് നിലവിൽ കർശനമായ ഹോം ക്വാറന്റൈനിൽ പ്രവേശിക്കാൻ ആരോഗ്യവകുപ്പ് നിർദ്ദേശിച്ചിട്ടുണ്ട്.
നിലവിൽ സമ്പർക്കപ്പട്ടികയിലുള്ള ആർക്കും തന്നെ രോഗലക്ഷണങ്ങളില്ല. രോഗലക്ഷണങ്ങൾ കാണിക്കുന്നവരിൽ മാത്രമായിരിക്കും ഇനി സാമ്പിൾ പരിശോധന നടത്തുക. രോഗബാധിതനായ വ്യക്തി സഞ്ചരിച്ച വഴികൾ വ്യക്തമാക്കുന്ന റൂട്ട് മാപ്പ് ആരോഗ്യവകുപ്പ് ഉടൻ തന്നെ പുറത്തുവിടും.
അതേസമയം രോഗിക്ക് എവിടെ നിന്നാണ് വൈറസ് ബാധയേറ്റത് എന്നതുമായി ബന്ധപ്പെട്ട് പ്രധാനമായും രണ്ട് സാധ്യതകളാണ് അധികൃതർ പരിശോധിക്കുന്നത്. ഇദ്ദേഹം ജോലി ചെയ്തിരുന്ന ഗോഡൗണിൽ നിന്ന് രോഗം പകരാനുള്ള സാധ്യത വളരെ കുറവാണെന്നാണ് നിലവിലെ പ്രാഥമിക വിലയിരുത്തൽ.